ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മൈക്കൽ വാൾട്സ്? ട്രംപിന്റെ ക്യാബിനറ്റ് ചൈനയ്ക്ക് തലവേദന

By: 600007 On: Nov 12, 2024, 6:59 AM

 

 

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൌസിലേയ്ക്ക് തിരിച്ചെത്താനൊരുങ്ങുകയാണ്. ട്രംപ് രണ്ടാം തവണയും അധികാരത്തിലേയ്ക്ക് എത്തുമ്പോൾ അമേരിക്ക-ചൈന ബന്ധം എങ്ങനെയാകും എന്നാണ് ലോകം മുഴുവൻ ഉറ്റുനോക്കുന്നത്.  നിലവിൽ പുറത്തുവരുന്ന സൂചനകൾ അനുസരിച്ച് ചൈനയോട് തന്റെ ആദ്യത്തെ ഭരണകാലത്തിന് സമാനമായ രീതിയിൽ കടുംപിടുത്തം പിടിക്കാനാണ് ട്രംപ് ഒരുങ്ങുന്നതെന്ന് വിലയിരുത്തലുണ്ട്. 


ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി റിപ്പബ്ലിക്കൻ പ്രതിനിധിയായ മൈക്കൽ വാൾട്സ് ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. വിരമിച്ച ആർമി നാഷണൽ ഗാർഡ് ഓഫീസറും യുദ്ധ വിദഗ്ധനുമായ മൈക്കൽ വാൾട്‌സ് കടുത്ത ചൈന വിമർശകനാണ്. ഏഷ്യ-പസഫിക് മേഖലയിലെ ചൈനയുടെ പ്രവർത്തനങ്ങളെ വാൾട്സ് രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. മേഖലയിൽ ഒരു സംഘട്ടനത്തിന് പോലും അമേരിക്ക തയ്യാറാണെന്ന് വാൾട്സ് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ജോർജ്ജ് ഡബ്ല്യു ബുഷ് ഭരണ കാലത്ത് പെന്റഗണിലും വൈറ്റ് ഹൗസിലും അദ്ദേഹം പ്രതിരോധ നയ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ ഇന്ത്യ-അമേരിക്ക ബന്ധത്തിന് വലിയ പ്രാധാന്യം നൽകുന്ന വ്യക്തി കൂടിയാണ് വാൾട്സ് എന്നതാണ് ചൈനയ്ക്ക് വെല്ലുവിളിയാകുന്നത്. 

യുക്രൈന് ആയുധങ്ങൾ നൽകുന്നതിലും റഷ്യ-ഉത്തര കൊറിയ ബന്ധത്തിലും പശ്ചിമേഷ്യയിലെ യുദ്ധഭീതിയിലും ചൈനീസ് വെല്ലുവിളികളിലും വാൾട്സിന്റെ ഇടപെടൽ ഏറെ നിർണായകമാകും. അതേസമയം, പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം പുതിയ തലങ്ങളിലേയ്ക്ക് ഉയരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായി മടങ്ങിയെത്തിയെത്തുന്നത് ഒട്ടുമിക്ക രാജ്യങ്ങളെയും പരിഭ്രാന്തരാക്കുമ്പോൾ ഇന്ത്യ അക്കൂട്ടത്തിലൊന്നല്ലെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.